ന്യൂഡല്‍ഹി: കോടതിയിലെ നടപടിക്രമങ്ങള്‍ തന്നെ ഒരു ശിക്ഷയായി ജനങ്ങള്‍ കരുതുകയാണെന്നും ആ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. നടപടിക്രമങ്ങളില്‍ മനംമടുത്ത് പലരും ഒത്തുതീര്‍പ്പിലെത്തുകയാണ്. ലോക് അദാലത്തുകള്‍ക്ക് കേസുകള്‍ രമ്യമായി ഒത്തുതീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി നടപടിക്രമങ്ങളില്‍ മനംമടുത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന രീതി, ജഡ്ജിയെന്ന നിലയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക് അദാലത്തുകളുടെ കാര്യത്തില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്നുമെല്ലാം തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഡല്‍ഹിയിലാണ് ഉള്ളതെങ്കിലും അത് ഡല്‍ഹിയുടെ മാത്രം കോടതിയല്ല. രാജ്യത്തെ എല്ലാ ജനങ്ങളുടെയും കോടതിയാണ്. താന്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് മുതല്‍ രാജ്യത്തെ എല്ലാ മേഖലയിലെയും ആളുകളെ കോടതി രജിസ്ട്രിയുടെ ഭാഗമാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട് -ലോക് അദാലത്തിനെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.