ലക്‌നൗ: കീറിയ 200 രൂപ നോട്ട് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട പിസ്സ ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിർത്ത് സഹോദരങ്ങൾ. ഉത്തർപ്രദേശിലാണ് സംഭവം. സച്ചിൻ കശ്യപ് എന്ന് ഇരുപത്തിയൊന്നുകാരനാണ് വെടിയേറ്റത്.

സച്ചിൻ ഗുരുതരാവസ്ഥയിൽ ബറേയ്‌ലിയിലെ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. സംഭവത്തിൽ നദീം ഖാൻ (27) സഹോദരൻ നൈയിം (29) എന്നിങ്ങനെ രണ്ട് പേര് അറസ്റ്റ് ചെയ്തതായി സദാർ ബസാർ എസ്എച്ച്ഒ അമിത് പാണ്ഡെ പറഞ്ഞു.

ഇവരിൽ നിന്ന് നാടൻ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച കടയടയ്ക്കാൻ പോകുന്ന സമയത്ത് രാത്രി 11 മണിയോടെയാണ് പ്രതികൾ പിസ്സ ഓർഡർ ചെയ്തത്. 11.30ഓടെ സച്ചിനും സഹപ്രവർത്തകനായ റിതിക് കുമാറും പിസ്സ ഡെലിവറി ചെയ്ത് പണവും വാങ്ങി പോയി. ഈ 200 കൊണ്ട് മറ്റൊരു കടയിലെത്തി സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ശ്രമിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്. കീറിയ നോട്ട് ആയതിനാൽ 200 രൂപ എടുക്കാനാവില്ലെന്ന് കടക്കാരൻ അറിയിച്ചു.

ഇതോടെ പെട്ടെന്ന് തന്നെ നദീമിന്റെ വീട്ടിലെത്തിയ സച്ചിനും റിതികും 200 രൂപ നോട്ട് മാറ്റിത്തരാമോയെന്ന് അഭ്യർത്ഥിച്ചു. എന്നാൽ, വളരെ മോശമായാണ് നദീം ഇരുവരോടും പെരുമാറിയത്. ഇതിന്റെ നദീമിന്റെ സഹോദരൻ നൈയിം എത്തി സച്ചിനെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

വെടി ശബ്ദം കേട്ട് അയൽക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘങ്ങൾ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. സഹോദരന്മാരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരിൽ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.