മുംബൈ: വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ഡോളെയും മരിച്ചത് തലയ്ക്കും നെഞ്ചിലും കഴുത്തിലുമേറ്റ ഗുരുതര പരുക്കുകളെ തുടർന്നെന്ന് റിപ്പോർട്ട്. ഒപ്പം ആന്തരിക രക്തസ്രാവം ഉ്ണ്ടായതും മരണകാരണമായെന്നും ജെജെ സർക്കാർ ആശുപത്രി അധികൃതർ സൂചിപ്പിച്ചു. ആന്തരിക അവയവ ഭാഗങ്ങളുടെ സാംപിൾ വിദഗ്ധപരിശോധനയ്ക്കായി മുംബൈ കലീനയിലെ ഫൊറൻസിക് ലാബിനു കൈമാറിയിരിക്കുകയാണ്.

പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിച്ചതാണ് ഇടിയുടെ ആഘാതം മാരകമാക്കിയത്. അപകടത്തിനു തൊട്ടുമുൻപ് കാർ 130 കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചതെന്നാണു വിവരം. കൃത്യമായ വിവരം ലഭിക്കാനായി കാർ കമ്പനിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ റേഡിയേറ്റർ രണ്ടടിയിലേറെ ഉള്ളിലേക്ക് പോയെന്നും 100 കിലോമീറ്ററിനു മുകളിലായിരുന്നു വേഗമെന്ന് അനുമാനിക്കാമെന്നുമാണ് പ്രാഥമിക അന്വേഷണറിപ്പോർട്ട്.

പൊലീസ്, മോട്ടർ വാഹനവകുപ്പ്, കാർ നിർമ്മാതാക്കൾ എന്നിങ്ങനെ വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. വാഹനത്തിന്റെ ഫൊറൻസിക് പരിശോധനയുമുണ്ടാകും. അപകടരംഗങ്ങൾ പുനരാവിഷ്‌കരിക്കും. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് 2 ദിവസത്തിനകം ലഭിക്കും.