പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടിയുടെ (എസ്‌പി) പോസ്റ്റർ പ്രചാരണം. 'യുപി + ബിഹാർ = ഗയി മോദി സർക്കാർ' എന്നെഴുതിയ പോസ്റ്ററുകളിൽ നിതീഷിന്റെയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെയും ചിത്രങ്ങളുമുണ്ട്. സമാജ്വാദി പാർട്ടി നേതാവ് ഐ.പി.സിങ് ലക്‌നൗവിലെ പാർട്ടി ഓഫിസിൽ പതിച്ച പോസ്റ്റർ മറ്റിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

യുപിയിലെയും ബിഹാറിലെയുമായുള്ള 120 സീറ്റുകളിൽ ബിജെപിയെ തറപറ്റിക്കാനായാൽ 2024ൽ മോദി അധികാരത്തിലെത്തില്ലെന്ന സന്ദേശമാണ് പോസ്റ്ററിൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്നു മാത്രം നൂറിലേറെ സീറ്റുകൾ ബിജെപി നേടിയിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ രണ്ടു മൂന്നു മാസത്തിനകം പ്രഖ്യാപിക്കാൻ കഴിയുമെന്നു നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സോഷ്യലിസ്റ്റ് പാർട്ടികളുടെ പിന്തുണയുള്ള നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി കോൺഗ്രസിനെ കൂടി പാട്ടിലാക്കാനുള്ള നീക്കത്തിലാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്യാൻ വൈകാതെ നിതീഷും ലാലു പ്രസാദ് യാദവും ഡൽഹിയിലേക്കു പോകും.