ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകൾ തൂരിഗൈ (28) യെ മരിച്ച നിലയിൽ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂർ കുമാരൻ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. സ്ത്രീകൾക്കായി ഡിജിറ്റൽ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യിൽ അവാർഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു.''2001 മുതൽ തമിഴിൽ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലൻ. കാർത്തിക് രാജ സംഗീതം നിർവഹിച്ച 'പിശാസ് 2' എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവിൽ ഗാനരചന നിർവഹിച്ചത്.