ന്യൂഡൽഹി: പഞ്ചാബിൽ വെടിയേറ്റ മരിച്ച ഗായകൻ സിദ്ദൂ മൂസെവാലയുടെ കൊലയാളികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പഞ്ചാബ് പൊലീസ്. മുംബൈയിൽ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങൾ സൽമാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് ക്വട്ടേഷൻ നൽകിയതെന്നാണ് വെളിപ്പെടുത്തൽ. കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്.

അജ്ഞാതരിൽ നിന്ന് വധഭീഷണി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് സൽമാനുള്ളത്. വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22 ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സൽമാൻ ഖാന് നേരെ ഉയർന്ന ഭീഷണി.