പട്‌ന: മഹാസഖ്യത്തിൽ പങ്കാളിയായ ജെഡിയു, കോൺഗ്രസിൽ ലയിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടിരുന്നെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പിൻഗാമിയാക്കാമെന്ന് നിതീഷ് പറഞ്ഞെന്ന് പ്രശാന്ത് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയുവിൽ തന്റെ പിൻഗാമിയായി പ്രശാന്തിനെ നിയമിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ് പറഞ്ഞു.

''ഞാൻ ക്ഷണിച്ചിട്ടല്ല കഴിഞ്ഞ മാസം പ്രശാന്ത് കാണാൻ വന്നത്. അദ്ദേഹം സ്വന്തം ഇഷ്ടത്തിനാണ് എന്നെ കാണാൻ വസതിയിലെത്തിയത്. പ്രശാന്ത് നുണ പറയുന്നത് തുടരുകയാണ്. അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങൾക്ക് അദ്ദേഹവുമായി ഒന്നും ചെയ്യാനില്ല. ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് ബോധവാന്മാരാണ്.

ഡൽഹിയിലും പട്‌നയിലും അദ്ദേഹവുമായി ചർച്ച നടത്തിയതാണ്. ഇടയ്ക്കിടെ അദ്ദേഹവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ല. അഞ്ച് വർഷം മുൻപാണ് കോൺഗ്രസുമായി ലയിപ്പിക്കാൻ ആവശ്യപ്പെട്ടത്. പ്രശാന്ത് കിഷോറിനെപ്പോലുള്ളർ ഒരിടത്തും നിൽക്കില്ല. കുറച്ചു നാളുകളായി പ്രശാന്ത് ബിജെപിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്കെതിരെ സംസാരിക്കുന്നത്.'' നിതീഷ് പറഞ്ഞു.

പാർട്ടിയെ നയിക്കാൻ നിതീഷ് കുമാർ തന്നോട് ആവശ്യപ്പെട്ടെന്ന് അടുത്തിടെ നടന്ന പൊതുസമ്മേളനത്തിൽ പ്രശാന്ത് കിഷോർ പ്രസംഗിച്ചിരുന്നു. അത് സാധ്യമല്ലെന്നു മറുപടി പറഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞിരുന്നു. പൊളിറ്റിക്കൽ കൺസൾട്ടൻസി ഐ പാക് സ്ഥാപകനായ പ്രശാന്ത്, 2018ൽ ജെഡിയുവിൽ ചേർന്നിരുന്നു.