ന്യൂഡൽഹി: കോൺഗ്രസിന് പുതിയ അധ്യക്ഷൻ വന്നാലും ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ആരും കരുതുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. എന്നാൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പുതിയ പ്രസിഡന്റ് ഗാന്ധി കുടുംബത്തിന്റെ അഭിപ്രായം കൂടി ആരായേണ്ടി വരുമെന്ന് ചിദംബരം സമ്മതിച്ചു.

ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്താലും, റിമോട്ട് കൺട്രോൾ ഭരണം ഗാന്ധി കുടുംബത്തിന്റെ കൈകളിലായിരിക്കുമെന്ന പ്രചാരണം വെറും തോന്നലാണ്. കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ എത്താനിരിക്കെയാണ് ചിദംബരത്തിന്റെ പ്രസ്താവന.

'ഗാന്ധി കുടുംബത്തിന്റെ സ്വാധീനം കുറയുമെന്ന് ആരും കരുതുന്നില്ല. ആരു പ്രസിഡന്റായാലും ഗാന്ധി കുടുംബം റിമോട്ട് കൺട്രോൾ ഭരണം നടത്തുമെന്ന പ്രചാരണം തോന്നൽ മാത്രമാണ്. ദേശീയ തലത്തിൽ ഗാന്ധി കുടുംബത്തിന്റെ സ്വാധീനം അതേപടി നിലനിൽക്കുന്നുവെന്ന് കരുതുക. ഈ സ്വാധീനത്തിൽ കുറവു സംഭവിച്ചാൽ, ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പിലൂടെ എത്തുന്ന നേതാക്കളെ 'ഭരിക്കാൻ' ഗാന്ധി കുടുംബം ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'' ചിദംബരം ചോദിച്ചു.

''ആരു ജയിച്ചാലും പാർട്ടിക്കുള്ളിലെ 9095 ശതമാനം തീരുമാനങ്ങൾ പുതിയ പ്രസിഡന്റ് തന്നെയാകും കൈക്കൊള്ളുക. പക്ഷേ, സുപ്രധാനമായ തീരുമാനങ്ങളിൽ മറ്റു നേതാക്കളുടെയും പ്രവർത്തക സമിതിയുടെയും പാർലമെന്ററി ബോർഡിന്റെയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്നത് തീർച്ചയാണ്.

ഇതിൽ ഗാന്ധി കുടുംബവുമുണ്ട്. തിരഞ്ഞെടുപ്പോടെ ഗാന്ധി കുടുംബം പ്രവർത്തക സമിതിയിൽനിന്നും പാർലമെന്ററി ബോർഡിൽനിന്നും അപ്രത്യക്ഷമാകുമെന്ന് കരുതാനാകുമോ? ഗാന്ധി കുടുംബം എന്നും അവിടെത്തന്നെയുണ്ടാകും. അവർക്ക് അവരുടേതായ നിലപാടുകളും കാണും. പുതിയ കോൺഗ്രസ് പ്രസിഡന്റ് തീർച്ചയായും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണം'' ചിദംബരം പറഞ്ഞു.