ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെ.ജി.എഫ്.-2ലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെ കേസ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ആർ.ടി. മ്യൂസിക്കാണ് രാഹുലിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. കെ.ജി.എഫ്-2ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. ദക്ഷിണേന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായി കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്ന് കമ്പനി പരാതിയിൽ ചൂണ്ടിക്കാണിച്ചു.

നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത്, ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആർ.ടി. മ്യൂസിക്കിന്റെ അഭിഭാഷകൻ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

'ദേശീയ പാർട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്. പ്രത്യേകിച്ചും രാജ്യത്ത് ഭരണം നേടാനും സാധാരണക്കാരുടേയും വ്യവസായങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ നിർമ്മിക്കാനും അവസരം തേടാൻ ശ്രമിക്കുമ്പോൾ'- അഭിഭാഷകൻ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പരാതിയിൽ പാർട്ടിക്കെതിരെയും മൂന്ന് നേതാക്കൾക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. പകർപ്പവകാശ നിയമത്തിലെയടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. നിയമപരമായ അവകാശം ഉറപ്പിക്കാൻ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.