ന്യൂഡൽഹി: 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി.

കേസ് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്റ്റംബർ 16 ലെ ഉത്തരവ് റദ്ദാക്കാനാവശ്യമായ കാരണങ്ങൾ കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും സി.ടി. രവികുമാറുമടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

2020 മാർച്ച് 16 മുതൽ താഹിർ ഹുസൈൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരേ കേസിൽ രണ്ട് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന ചട്ടം കേസിൽ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹുസൈനുവേണ്ടി ഹാജരായ അഭിഭാഷക മനേക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.

എന്നാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസുൾപ്പടെ അയച്ചിട്ടുണ്ടെന്നും ഹൈക്കോടതി കേസ് ജനുവരി 25 ന് പരിഗണിക്കാനിരിക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.