ചെന്നൈ: ഗൺമാനെ ലഭിക്കാൻ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിലായി. പൊലീസിൽ നിന്നു ഗൺമാനെ ലഭിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെയാണ് ഇയാൾ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞത്. പെട്രോൾ ബോംബുണ്ടാക്കി വീടിനു നേരെ എറിഞ്ഞശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ തീവ്രഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ കുംഭകോണം ടൗൺ പ്രസിഡന്റ് ചക്രപാണിയെ ആണ് സ്വന്തം വീട്ടിലേക്ക് ബോംബെറിഞ്ഞതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീടിനു മുന്നിൽ കുപ്പിച്ചില്ലടക്കമുള്ള ബോംബിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ബിജെപി നേതാക്കൾ വീടു സന്ദർശിച്ച് അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കുംഭകോണം എസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച എസ്‌പി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് സ്വയം എറിഞ്ഞതാണന്ന് ഇയാൾ സമ്മതിച്ചത്. സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാനായിരുന്നു ശ്രമമെന്നും മൊഴിയിലുണ്ട്. തുടർന്നു പ്രദേശത്തെ വില്ലേജ് ഓഫിസറിൽ നിന്നു പരാതി എഴുതി വാങ്ങിയ പൊലീസ് കലാപശ്രമം, സാമുദായിക സംഘർഷമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു.