ന്യൂഡൽഹി: വിമാന നിർമ്മാതാക്കളായ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന വാങ്ങൽ കരാറാണിത്. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമടക്കം പങ്കെടുത്ത വീഡിയോ കോൺഫറൻസിലായിരുന്നു എയർ ഇന്ത്യ ഉടമകളായ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാർക്കറ്റ് ഷെയർ മുപ്പത് ശതമാനം വർധിപ്പിക്കാനടക്കമുള്ള നടപടികളാണ് പദ്ധതിയുടെ ഭാഗമായി കമ്പനി കൈക്കൊള്ളുന്നത്. രാജ്യാന്തര സർവീസുകൾ വർധിപ്പിക്കുന്നതും കമ്പനിയുടെ ലക്ഷ്യമാണ്.

എയർ ബസുമായി ഫെബ്രുവരി പത്തിന് കരാറൊപ്പിട്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്റെ പ്രഖ്യാപനം വന്നത്. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റിനും പുറമേ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ- വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, എയർ ബസ് സിഇഒ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പുതിയ റൂട്ടുകളിലടക്കം സർവീസുകൾ ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എ-320, എ-350 വിഭാഗങ്ങളിലുള്ള വിമാനങ്ങൾ വാങ്ങാനാണ് കരാറെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ, വിപുലീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അന്താരാഷ്ട്രാ നിലവാരത്തിലേക്ക് കമ്പനിയെ ഉയർത്തുന്നതിന്റെ ഭാഗമായി വിഹാൻ എഐ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.