മുംബൈ: ബന്ധം തകർന്നതോടെ വിവാഹത്തിന് മധ്യസ്ഥം വഹിച്ചയാൾക്കെതിരായ സ്ത്രീയുടെ പരാതിയിൽ കേസെടുത്തത് റദ്ദാക്കി ബോംബെ ഹൈക്കോതി, വിവാഹത്തിന് മധ്യസ്ഥം വഹിച്ച ബാങ്ക് മാനേജരായ വ്യക്തിക്കെതിരെയായിരുന്നു കേസ്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജർ നൽകിയ ഹർജിയിലാണ് കോടതി കേസ് റദ്ദാക്കിയത്.

ബാങ്ക് മാനേജരായിരിക്കെ ഇയാളുടെ മധ്യസ്ഥതയിലാണ് യുവതിയുടെയും അങ്കിത് കുമാർ എന്നയാളുടെയും വിവാഹം നടന്നത്. ഇരുകുടുംബങ്ങൾക്കും പരസ്പരം ഫോൺ നമ്പർ കൈമാറിയതും ഇയാളായിരുന്നു. എന്നാൽ, വിവാഹശേഷം അങ്കിത് കുമാറിന്റെ കുടുംബം പണവും ആഭരണങ്ങളും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് യുവതി മധ്യസ്ഥത വഹിച്ചയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. ഭർത്താവും കുടുംബവും നല്ല ആളുകളാണെന്നും സംസ്‌കാര സമ്പന്നരാണെന്നും പറഞ്ഞ് തന്റെ പിതാവിനെ വഞ്ചിച്ചു, ഭർത്താവിന് വിദേശത്ത് ജോലിയുണ്ടെന്ന് പറഞ്ഞു തുടങ്ങിയവയായിരുന്നു പരാതിയിലെ ആരോപണം.

എന്നാൽ, വിവാഹത്തിന് മധ്യസ്ഥം വഹിച്ചതും ഫോൺ നമ്പറുകൾ കൈമാറിയതും നല്ല ഉദ്ദേശ്യത്തിൽ ചെയ്ത കാര്യമാണെന്നുള്ള ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പരാതിയിൽ ബാങ്ക് മാനേജർക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെളിയിക്കാനാകാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.