ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ സമാന മനസ്‌കരുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പെട്ടെന്ന് തീരുമാനമെടുക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ആരാദ്യം പറയും എന്ന പ്രണയിനികളുടെ മനസ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങളെന്ന് സൽമാൻ ഖുർഷിദ് പ്രതികരിച്ചു.

പട്‌നയിൽ നടക്കുന്ന 11ാമത് സിപിഎം.എൽ പാർട്ടി കോൺഗ്രസിൽ സംബന്ധിക്കുകയായിരുന്നു ഇരു നേതാക്കളും. കോൺഗ്രസ് പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഒരുമിച്ച് പോരാടാമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം.

എന്റെ ഈ നിർദ്ദേശം അവർക്ക് സ്വീകാര്യമാണെങ്കിൽ ഒരുമിച്ച് പൊരുതാം. അങ്ങനെയാകുമ്പോൾ ബിജെപിയുടെ സീറ്റ് 100 നു താഴേക്കു പോകും. എന്നാൽ യോജിക്കാൻ തയാറല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാം-നിതീഷ് കുമാർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി മോഹമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തടയിടുന്നതിനാണ് കഴിഞ്ഞ വർഷം എൻ.ഡി.എ വിട്ടത്. ദേശീയ തലത്തിലും അങ്ങനെയൊരു നീക്കത്തിനാണ് താൻ ശ്രമം നടത്തുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി.