ബെംഗളൂരു: കോൺഗ്രസും ആംആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾ പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിലുള്ള കോൺഗ്രസ് അനുദിനം തകർന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സർക്കാരിന്റെ കീഴിലാണ് വികസനമെന്നും അമിത് ഷാ പറഞ്ഞു.

ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. ബൈനോകുലറിൽ നോക്കിയാൽപ്പോലും കാണാത്തവിധം അവർ തോറ്റുപോയെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോൺഗ്രസും ആംആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നതിനാൽ എതിർക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല. കോൺഗ്രസിന് വിജയിക്കാനുള്ള ഒരു സാധ്യതയും അവശേഷിക്കുന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി പ്രവേശിക്കില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇപ്പോൾ രണ്ടുപ്രാവശ്യമായി ബിജെപിയെയും എൻഡിഎയും ചേർന്ന് അവിടെ സർക്കാർ രൂപീകരിച്ചു. മോദി മാജിക് എല്ലായിടത്തും സാധ്യമാകുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പേരെടുത്ത് പറഞ്ഞ അമിത് ഷാ, പ്രധാനമന്ത്രിയെ എത്ര അധിക്ഷേപിച്ചാലും വിജയിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. 'ചെളി എറിയുന്തോറും താമരവിരിയും. ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം. എത്ര അധിക്ഷേപിച്ചാലും കാര്യമില്ല. നിങ്ങൾ വിജയിക്കില്ല' അദ്ദേഹം പറഞ്ഞു.

കർണാടകയിൽ സഖ്യകക്ഷികളായ ജെഡിഎസും കോൺഗ്രസും തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾ മാത്രമാണ് നിറവേറ്റുന്നത്. ജെഡിഎസും കോൺഗ്രസും കുടുംബ പാർട്ടികളാണ്. അവർക്ക് ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അവരുടെ സ്വാർഥ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. കോൺഗ്രസും ജെഡിഎസും കർണാടകയിൽ ഒരിക്കലും വികസനം ഉറപ്പാക്കിയിട്ടില്ല.

സിദ്ധരാമയ്യ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹിയിൽ താമസിക്കുന്ന ഒരു കുടുംബത്തിന്റെ എടിഎമ്മാണ് അദ്ദേഹം. ഇത്തരക്കാർക്ക് ഒരിക്കലും അവസരം നൽകരുതെന്നും അമിത് ഷാ പറഞ്ഞു.