റാഞ്ചി: ഝാർഖണ്ഡിൽ ഹോളി ആഘോഷത്തിനിടെ പൊലീസ് സ്റ്റേഷനുള്ളിൽ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഗൊഡ്ഡ ജില്ലയിലെ സ്റ്റേഷനിൽ അരങ്ങേറിയ സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് എഎസ്ഐമാരേയും മൂന്ന് കോൺസ്റ്റബിൾമാരേയുമാണ് സസ്പെൻഡ് ചെയ്തത്. പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

സ്റ്റേഷനുള്ളിൽ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഝാർഖണ്ഡ് മുന്മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്ത് പൊലീസുകാരുടെ പ്രവൃത്തിയെ അപലപിച്ചു. സമൂഹത്തിന്റെ രക്ഷകരാകേണ്ട പൊലീസുകാരുടെ ഉത്തരവാദിത്വരഹിത പ്രവൃത്തിക്കെതിരെ പ്രതികരിക്കാൻ സംസ്ഥാനത്തെ യുവജനതയോട് അദ്ദേഹം ആഹ്വാനംചെയ്തു