ന്യൂഡൽഹി: മാതാപിതാക്കളുടെ മരണവാർത്തയറിഞ്ഞ് മനംനൊന്ത നൈജീരിയൻ സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡൽഹിയിലെ കെട്ടിടത്തിൽ നിന്ന് ചാടിയ നൈജീരിയൻ സ്വദേശിയുടെ കാലൊടിഞ്ഞു. ഡൽഹി നിഹാൽ വിഹാർ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്. 37കാരനായ എൻഡിനോജുവോ ആണ് ചാടിയത്.

രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് ഒച്ച വയ്ക്കുകയും നിലവിളിക്കുകയും ചെയ്തതിനു ശേഷമായിരുന്നു നിരവധി പേരെ സാക്ഷിയാക്കി ഇയാൾ താഴേക്ക് എടുത്തുചാടിയത്. പലരും വേണ്ടെന്ന് പറഞ്ഞിട്ടും ഇയാൾ ചെവിക്കൊള്ളാൻ തയാറായില്ല. മാർച്ച് 18ന് നടന്ന സംഭവത്തിന്റെ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.

എൻഡിനോജുവോ കെട്ടിടത്തിൽ നിന്ന് വീണ ശേഷം, ഒരാൾ അദ്ദേഹത്തെ സഹായിക്കാൻ എത്തി. എന്നാൽ വിദേശി യുവാവ് ഇയാളെ പിടികൂടുകയും വിടാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ, വിദേശിയുടെ പിടിയിൽ നിന്ന് രക്ഷപെടാനായി ഇയാൾ ശ്രമിച്ചതോടെ സഹായിക്കാനായി ആളുകളോടിയെത്തി.

അവർ വിദേശിയെ വളയുകയും വടി കൊണ്ടും മറ്റും അടിക്കുകയും ചവിട്ടുകയും ചെയ്തു. തുടർന്ന്, പൊലീസെത്തി ഇയാളെ സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഇയാളുടെ കാലൊടിയുകയും കൈയ്ക്കും മറ്റും നിസാര പരിക്കേൽക്കുകയും ചെയ്തു.

നൈജീരിയയിൽ മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് അത് സഹിക്കാനാവാതെയാണ് താൻ കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് എൻഡിനോജുവോ പൊലീസിനോടു പറഞ്ഞു. ദാരുണ വാർത്ത അറിഞ്ഞ ശേഷം താൻ വലിയ ഞെട്ടലിലും വിഷാദത്തിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.