കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്ക് ആദ്യ ഗഡു അടക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 12 വരെ നീട്ടി. നേരത്തേ ഏപ്രിൽ ഏഴായിരുന്നു അവസാന തീയതി. ഇതിൽ രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ സമയം ദീർഘിപ്പിക്കണമെന്നാവശ്യം ഉയർന്നിരുന്നു.

കൂടാതെ, രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 10ൽനിന്ന് 14 ആയും നീട്ടി. ഒരാൾക്ക് 81,800 രൂപയാണ് അവസരം ലഭിച്ചവർ ആദ്യ ഗഡുവായി അടക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്‌പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാഫോറം, പാസ്പോർട്ട് കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്.