ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഛത്തീസഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.

താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 1901ന് ശേഷമുള്ള ഏറ്റവും വലിയ താപനിലയാണ് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്.

മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസവും ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സാധാരണയായി ഈ മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന താപനിലയേക്കാൾ കൂടുതൽ ഈ വർഷമുണ്ടാവുമെന്നായിരുന്നു പ്രവചനം. കഴിഞ്ഞ മാസമാണ് ഇത്തരമൊരു പ്രവചനം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയത്.