മുംബൈ: 2021ൽ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ വിരാട് കോഹ്ലി - അനുശ്ക ശർമ ദമ്പതികളുടെ മകളെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ട്വീറ്റ് ചെയ്ത സംഭവത്തിൽ തെലുങ്കാന സ്വദേശിക്കെതിരെ ചുമത്തിയ കേസ് അവസാനിപ്പിച്ചു.

കോഹ്ലിയുടെ മാനേജർ അക്വില്ലിയ ഡിസൂസയുടെ പരാതിയിലാണ് നേരത്തെ കേസെടുത്തിരുന്നത്.എന്നാൽ വിവാദ ട്വീറ്റ് വന്ന ഐ.പി തന്റേതാണെങ്കിലും ട്വീറ്റ് ചെയ്തത് താനാണെന്ന് പറയാനാകില്ലെന്നും പ്രതി വാദിച്ചു. കേസ് അവസാനിപ്പിക്കുന്നതിന് സമ്മതമറിയിച്ച് പരാതിക്കാരി നൽകിയ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ അറസ്റ്റിലായ പ്രതി നിലവിൽ ജാമ്യത്തിലാണ്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എൻജിനീയറായ പ്രതി രാംനാഗേഷ് അകുബത്തിനി ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കേസ് അവസാനിപ്പിക്കാൻ പരാതിക്കാരി സമ്മതം അറിയിക്കുകയായിരുന്നു. ഐ.ഐ.ടി ഹൈദരാബാദിലെ ടോപ്പറും ജീ പ്രവേശന പരീക്ഷയിലെ റാങ്ക് ജേതാവുമായ തന്റെ ഭാവി കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കണമെന്നാണ് പ്രതി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.