ബെംഗളൂരു: ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഗ്യാലറിയിൽ നിന്നും കാണികൾ പ്ലക്കാർഡ് ഉയർത്തുക പതിവാണ്. തങ്ങളുടെ ഇഷ്ടതാരത്തെയോ ടീമിനെയോ വാഴ്‌ത്തിയായിരിക്കും പലരും പ്ലക്കാർഡ് ഉയർ്തതുക. എന്നാൽ വ്യത്യസ്തത നിറഞ്ഞ പ്ലക്കാർഡുകൾ ഉയർത്തുന്നതും പതിവാണ്. പലതും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതോടെ വൈറലായി മാറാറുമുണ്ട്. അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടയിൽ വൈറലായി. എന്നാൽ ആ പ്ലക്കാർഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ബോളിവുഡ് താരം കങ്കണ.

വിരാട് കോലിയുടെ മകൾ വാമികയെ ഡേറ്റിങിന് ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു ആ പ്ലക്കാർഡ്. ഒരു കൊച്ചു കുട്ടിയാണ് ഈ പ്ലക്കാർഡ് ഉയർത്തിയത്. 'ഹായ് വിരാട് അങ്കിൾ, ഞാൻ വാമികയെ ഡേറ്റിങ്ങിന് കൊണ്ടുപൊയ്‌ക്കോട്ടെ' എന്നാണ് പ്ലക്കാർഡിൽ എഴുതിയത്. സംഭവം വൈറലായതോടെ രൂക്ഷ പ്രതികരണവുമായി കങ്കണ രംഗത്തെത്തി. കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കരുതെന്നാണു കങ്കണയുടെ പ്രതികരണം.

''ഇത്തരം അസംബന്ധങ്ങൾ നിഷ്‌കളങ്കരായ കുട്ടികളെ പഠിപ്പിക്കരുത്. ഇതിലൂടെ നിങ്ങൾ മോഡേൺ ആവുകയല്ല, സംസ്‌കാര ശൂന്യരാവുകയാണ്. ഇത്തരം പ്ലക്കാർഡുമായി നിങ്ങൾ കുട്ടികളെ ഉയർത്തിക്കാട്ടുകയാണെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്‌നമുണ്ട്, അതിന് സഹായം തേടുകയാണു ചെയ്യേണ്ടത്.'' കങ്കണ ട്വിറ്ററിൽ കുറിച്ചു.