ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്ഊബർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം തുടങ്ങി. ഡെച്ചുകാരനായ യൂട്ഊബർ പെട്രോ മോത്തയ്ക്കാണ് നഗരത്തിൽ ആക്രമണം നേരിട്ടത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു.

ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്കപ്പേട്ടിലെ ചോർ ബസാറിലാണ് സംഭവം. ചോർ ബസാറിലൂടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

ഇതിനിടെ ഒരു കച്ചവടക്കാരൻ ഇദ്ദേഹത്തെ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. മോത്തയുടെ ക്യാമറ തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ആക്രമണത്തിൽനിന്ന് യൂട്ഊബർ ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇദ്ദേഹം ബെംഗളൂരു നഗരം വിട്ട് പോയിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.