മംഗളൂരു: ചികിത്സക്കും ലഹരിയായും ഉപയോഗിക്കുന്ന 20 ഗ്രാം മെത്താംഫൈറ്റാമൈൻ മരുന്നുമായി രണ്ടു പേർ മംഗളൂരുവിൽ അറസ്റ്റിൽ. ഉള്ളാൾ സ്വദേശികളായ കെ.സി റോഡിലെ അബ്ദുൽ റഷീദ് മുഹ്യുദ്ദീൻ (41), ദേർളകട്ട ഗ്രീൻ വ്യൂ അപാർട്ട്‌മെന്റിൽ താമസിക്കുന്ന പി. ആരിഫ് (40) എന്നിവരെയാണ് നെതിലയിൽ നിന്ന് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ മയക്കുമരുന്നിന് 1,06,500 രൂപ വില വരുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ അറിയിച്ചു. വിൽപനക്കായി സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു മരുന്ന്. കൊണാജെ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ എസ്. നാഗരാജ്, കെ. അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.