കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി അഗ്‌നിശമന വിഭാഗം തീയണച്ചു. പുറപ്പെടൽ ഗേറ്റിനു സമീപമാണ് ബുധനാഴ്ച രാത്രി ഒമ്പതോടെ തീപിടിച്ചത്.

വിമാനത്താവളത്തിനകം മുഴുവൻ കറുത്ത പുക വ്യാപിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അധികൃതർ അന്വേഷണമാരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി 9.12ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 9.40ഓടെ തീ പൂർണമായും അണച്ചു. വിമാനത്താവളത്തിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് ചെക്ക് ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.