ന്യൂഡൽഹി: പണമിടപാട് സംബന്ധിച്ച തർക്കത്തിന്റെ പേരിൽ ആർ.കെ. പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സഹോദരിമാരായ പിങ്കി (30), ജ്യോതി (29) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ സഹോദരിമാരെ ഉടനെ തന്നെ എസ്ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

ഞായറാഴ്ച രാവിലെ അയൽക്കാരുടെ കൺമുന്നിൽവച്ച് വെടിയേറ്റുമരിച്ചത്. 10,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് 20 ഓളം പേരടങ്ങിയ സംഘം വെടിവെപ്പും അക്രമവും നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഞായറാഴ്ച പുലർച്ചെ നാലിനാണ് 20 ഓളം പേരടങ്ങിയ സംഘം ആയുധങ്ങളുമായി സൗത്ത് വെസ്റ്റ് ഡൽഹിയിലെ ആർ.കെ. പുരത്തുള്ള അംബേദ്കർ ബസ്തിയിലെ വീട്ടിലെത്തിയത്. വീടിന്റെ വാതിലിൽ ഇഷ്ടികളെറിഞ്ഞിട്ടും ആരും പുറത്തുവരാത്തതിനാൽ കല്ലേറ് തുടർന്നു. ആരെയും പുറത്തുകാണാത്തതിനെ തുടർന്ന് അക്രമികൾ മടങ്ങാനൊരുങ്ങി. കല്ലേറ് അവസാനിച്ചതിനെ തുടർന്ന് സംഘം തിരഞ്ഞെത്തിയ ലളിതും രണ്ട് സഹോദരിമാരും വീടിന് പുറത്തെത്തുകയും അക്രമിസംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

ലളിതിന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ രക്ഷപ്പെട്ടു. പ്രദേശത്തുള്ള ദേവ് എന്ന ആളുമായി പണമിടപാട് സംബന്ധിച്ച് തർക്കമുണ്ടായിരുന്നതായി ലളിത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.പ്രതികളായ അർജിൻ, മൈക്കൽ, ദേവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് മുഖ്യമന്ത്രി കെജ്രിവാൾ ആശങ്ക പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ജനങ്ങളുടെ മനസിൽ ഇപ്പോൾ അരക്ഷിതബോധമാണുള്ളതെന്നും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പകരം ഡൽഹി സർക്കാരിനെതിരെയുള്ള ഗൂഢാലോചനയിൽ പങ്കാളികളായിരിക്കുകയാണ് ഡൽഹി പൊലീസെന്നും കെജ്രിവാൾ ട്വീറ്റിലൂടെ ആരോപിച്ചു. ലെഫ്റ്റനന്റ് ഗവർണറിന് പകരം എഎപി സർക്കാരിന്റെ കീഴിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനമെങ്കിൽ ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാകുമായിരുന്നെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.