ഇൻഡോർ: പട്നയിൽ നടന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചെന്നായകൾ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നതെന്ന് പരിഹസിച്ച സ്മൃതി ഇറാനി പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നില്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളേയും രാജ്യത്തിന്റെ ഖജനാവിനേയുമാണെന്നും ആരോപിച്ചു.

മോദി സർക്കാർ ഒമ്പതുകൊല്ലം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇൻഡോറിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

'അവിടെയൊരു ഒത്തുചേരൽ നടന്നിരുന്നു, പക്ഷെ, യോഗത്തിന്റെ ലക്ഷ്യം മോദിയായിരുന്നില്ല മറിച്ച് നിങ്ങളും ഇന്ത്യയുടെ ഖജനാവുമായിരുന്നു', സദസിനോട് സ്മൃതി ഇറാനി പറഞ്ഞു. ഇൻഡോറിലെ പ്രമുഖ വനിതകളെ പരിപാടിയിൽ ക്ഷണിച്ചിരുന്നു. കലവറയ്ക്ക് മേൽ ഒരാൾ ദുഷ്ടലാക്കോടെ നോക്കുന്നത് വീട്ടമ്മയെ അറിയിച്ചാൽ ശത്രു അതോടെ തോറ്റുമടങ്ങുമെന്ന കാര്യം തനിക്കറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടെ ലോകത്തിനുമുന്നിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിച്ചതായും വിവിധ വിദേശ കമ്പനികൾ ഇന്ത്യയിലെ നിക്ഷേപത്തിനായി മുന്നോട്ടുവന്നിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.