അഹമ്മദബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അഹമ്മദാബാദിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ രാജ് താക്കറെയുടെ പാർട്ടിയായ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് സന്ദീപ് ദേശ്പാണ്ഡെ രംഗത്ത്.

'നമ്മുടെ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയവർ, നമ്മുടെ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിലാക്കിയവർ അങ്ങനെയുള്ള ഒരു രാജ്യത്തോടൊപ്പമാണോ നമ്മൾ കളിക്കേണ്ടത്?' ദേശ്പാണ്ഡെ ചോദിച്ചു. പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരാക്രമണങ്ങളെ ദേശ്പാണ്ഡെ വിമർശിച്ച ദേശ്പാണ്ഡെ, 'എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ പാക്കിസ്ഥാനാണെന്ന് ഓർക്കുക. അത്തരമൊരു രാഷ്ട്രത്തെ നാം സ്വാഗതം ചെയ്യണോ? ഈ പറയുന്നത് രാഷ്ട്രീയത്തെക്കുറിച്ചല്ല, രാഷ്ട്രത്തെക്കുറിച്ചാണെന്നും വ്യക്തമാക്കി.

ഇത്തരം മത്സരങ്ങൾ നടക്കുമ്പോൾ, അവരുടെ ആളുകൾ അവരുടെ പതാകകളുമായി വരും. ഇത് നമ്മൾ സഹിക്കണോ? രാജ്യത്തുടനീളം ഈ കാര്യത്തിൽ ചർച്ച നടക്കണം. രാജ്യം മുഴുവൻ വിഷയം ചർച്ച ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം, തന്റെ ചോദ്യങ്ങൾ സർക്കാരിലും പ്രതിപക്ഷത്തും ഉള്ളവർ അഭിസംബോധന ചെയ്യുമെന്നും, താൻ പറഞ്ഞത് തന്റെ വികാരങ്ങളാണെന്നും പാർട്ടിയുടെ നിലപാട് അതിന്റെ തലവൻ രാജ് താക്കറെ വ്യക്തമാകുമെന്നും ദേശ്പാണ്ഡെ പറഞ്ഞു.

പാക്കിസ്ഥാൻ വിഷയത്തിൽ ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രമല്ല എംഎൻഎസ് എതിർപ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാനിരുന്ന പാക്കിസ്ഥാൻ സിനിമ 'ദ ലെജൻഡ് ഓഫ് മൗലാ ജാട്ട്' പ്രദർശിപ്പിക്കുന്നതിനെതിരെയും പാർട്ടി സിനിമാ ഹാൾ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.