റാഞ്ചി: ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ദലിത് യുവതിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് മർദനമെന്നാണ് വിവരം. സരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

ഫോണിൽ വിളിച്ച് ഒരാൾ വീടിനു പുറത്തേക്ക് ഇറങ്ങിവരാൻ യുവതിയോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോൾ രണ്ടു യുവാക്കൾ ചേർന്നു ബലമായി യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റി ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു.

രാത്രി മുഴുവൻ യുവതി അവിടെ തന്നെയാണ് കിടന്നിരുന്നത്. രാവിലെ നാട്ടുകാർ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.