മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാർ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. പുനെയിൽ തിലക് പുരസ്‌കാരം നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാണ് പവാർ.പ്രതിപക്ഷ കക്ഷികൾ സംയുക്ത പ്രക്ഷോഭത്തിന് രൂപം നൽകുന്നതിനിടെയാണ് ശരദ് പവാറിന്റെ വേദി പങ്കിടൽ. നേരത്തെ എൻസിപിയിലെ വലിയൊരു വിഭാഗം ബിജെപി മുന്നണിയിൽ ചേർന്നിരുന്നു.

ബാല ഗംഗാധര തിലകിന്റെ കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്‌കരം. മഹാരാഷ്ട്ര ഗവർണർ രമേഷ് ബായിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ശരത് പവാറിന്റെ അനന്തരവനായ അജിത് പവാർ ബിജെപി പാളയത്തിലെത്തിയത് ഏവരേയും ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് മോദിയ്‌ക്കൊപ്പം വേദിയിൽ പവാർ എത്തുന്നത്.

ഇത് പ്രതിപക്ഷ പോരാട്ടത്തിന്റെ കരുത്ത് ചോരുമെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടിയെങ്കിലും മുൻ നിശ്ചയിച്ച പരിപാടയുമായി മുന്നോട്ട് പോകാനായിരുന്നു പവാറിന്റെ തീരുമാനം. എൻസിപിയിൽ നിന്നും എതിർപ്പുയർന്നിരുന്നു. എന്നാൽ തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം താനുംകൂടി ചേർന്നാണ് നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് പവാറിന്റെ വാദം.