ബംഗളുരു: കായിക മേളയിൽ റിലേ മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. കർണാടകയിലെ തുമകുരു താലൂക്കിൽ ഉൾപ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഭീമശങ്കറാണ് കുഴഞ്ഞുവീണ് മരിച്ചത്. 15 വയസുകാരനായ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണ കാരണം ഹൃദയാഘാതമെന്ന് ഡോക്ടർമാർ അറിയിച്ചു.

സ്‌കൂൾ സ്പോർട്സ് ടീമിന്റെ ഭാഗമായിരുന്ന വിദ്യാർത്ഥി 4 ഃ 100 മീറ്റർ റിലേ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരം പൂർത്തിയായി മിനിറ്റുകൾക്ക് ശേഷമാണ് കുട്ടി കുഴഞ്ഞുവീണത്. 12 അംഗ ടീമാണ് ഭീമശങ്കറിന്റെ സ്‌കൂളിൽ നിന്ന് കായിക മേളയ്ക്ക് എത്തിയിരുന്നത്. വൈകുന്നേരം 5.45ഓടെ പൂർത്തിയായ റിലേ മത്സരത്തിൽ ഭീമശങ്കറിന്റെ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ആറ് മണിയോടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ശ്രീദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും അവിടെയെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.

റിലോ മത്സരത്തിൽ ഒന്നാം സ്ഥാനം നഷ്ടമായതിൽ വിദ്യാർത്ഥിക്ക് വിഷമമുണ്ടായിരുന്നുവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സര ശേഷം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാനായി വിദ്യാർത്ഥികളോട് ബാഗുമെടുത്ത് ബസിൽ കയറാൻ അദ്ധ്യാപകർ പറഞ്ഞിരുന്നു. ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണതും പിന്നാലെ മരണം സംഭവിച്ചതും. അന്വേഷണം ആവശ്യപ്പെട്ട് ഭീമശങ്കറിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.