ചെന്നൈ: ഹിന്ദി-തമിഴ് വിവാദത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ രൂക്ഷമായി പരിഹസിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് അടക്കമുള്ള പ്രാദേശിക ഭാഷകളുടെ വികസനത്തെപ്പറ്റി അമിത് ഷായ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു.

ഹിന്ദി മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിനെ തമിഴ്‌നാട് ശക്തമായി എതിർക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ സർക്കാർ കടുത്ത കടക്കെണിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. എന്നിട്ട് അവർ ഇപ്പോഴും ഭാഷാ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വീകാര്യത മന്ദഗതിയിലാണ് സാധ്യമാകുന്നതെങ്കിലും യാതൊരെതിർപ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദി മറ്റു പ്രാദേശികഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതൽ കരുത്താർജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

'ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂർവമായ നിലപാടിനെ ഞാൻ ശക്തമായി എതിർക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമർത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേൽപ്പിക്കലിനേയും സ്വീകരിക്കാൻ തമിഴ്‌നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിർവചിക്കുന്നത്', സ്റ്റാലിൻ പറഞ്ഞു.