ന്യൂഡൽഹി: ഒരു കോടിയിലേറെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്നു ശതമാനം വർധിപ്പിക്കാൻ തീരുമാനം. ഇതോടെ ഡി.എ നിലവിലുള്ള 42 ശതമാനത്തിൽ നിന്ന് 45 ശതമാനമാകും. 2023 ജൂലൈ ഒന്നു മുതലാണ് പുതുക്കിയ വർധന.

ഇതിനു മുമ്പ് ഈ വർഷം മാർച്ചിലാണ് ഡി.എയിൽ വർധനവുമുണ്ടായത്. മാർച്ച് 24ന് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ നാലുശതമാനമാണ് വർധിപ്പിച്ചത്.

ലേബർ ബ്യൂറോ എല്ലാ മാസവും പുറത്തിറക്കുന്ന വ്യാവസായിക തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐ.ഡബ്ല്യു) പശ്ചാത്തലത്തിലാണ് ഡി.എ വർധനവ്.

പണപ്പെരുപ്പത്തിലോ വിലക്കയറ്റത്തിലോ ഉള്ള നഷ്ടപരിഹാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സർക്കാർ ജീവനക്കാർക്ക് ഡി.എ നൽകുന്നു. ഇതു വഴി കണക്കാക്കുന്ന ജീവിതച്ചെലവിലെ വർധനവ് അനുസരിച്ചാണ് അലവൻസ് കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുന്നത്.