ജമ്മുകശ്മിർ: വെള്ളിയേയും കടത്തി വെട്ടി കശ്മീർ കുങ്കുമപ്പൂവിന്റെ വില കുതിക്കുന്നു. കിലോയ്ക്ക് മൂന്ന് ലക്ഷമാണ് കശ്മീർ കുങ്കുമപ്പൂവിന്റെ വിപണിവില. കശ്മീരിന്റെ സമ്പദ്വ്യവസ്ഥയിൽ സ്ഥിരമായ വളർച്ച നൽകുന്ന ഘടകമായി കുങ്കുമപ്പൂ കാർഷിക മേഖല മാറുകയാണ്. വിപണിയിലെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇപ്പോൾ കശ്മീർ കുങ്കുമപ്പൂവിനുണ്ടായിരിക്കുന്നത്.

കശ്മീരി കുങ്കുമപ്പൂവ് (കേസർ) ഇപ്പോൾ ഇന്ത്യയിൽ കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമായി മാറിയിരിക്കുന്നു . കഴിഞ്ഞ വർഷം വില 63 ശതമാനത്തിലധികം വർധിച്ചിരുന്നു . ജിഐ ടാഗ് നൽകിയതുമുതലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയർന്നതെന്ന് കശ്മീരി കർഷകർ വ്യക്തമാക്കുന്നു.

.കശ്മീരിലെ കുങ്കുമപ്പൂവ് വ്യവസായം മുൻപ് വർഷങ്ങളായി തകർച്ച നേരിട്ടിരുന്നു . പ്രദേശത്തെ അശാന്തിയും രാജ്യത്തുടനീളമുള്ള ശരിയായ വിതരണത്തിന്റെ അഭാവവുമായിരുന്നു ഇതിന് കാരണം . എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും , ജിഐ ടാഗ് ലഭിക്കുകയും ചെയ്തതോടെ വില കുതിച്ചുയർന്നു.

2023 ലെ കണക്കനുസരിച്ച്, 10 ഗ്രാം കശ്മീരി കുങ്കുമപ്പൂവ് 3200 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഒരു കിലോയുടെ വില 3 ലക്ഷം രൂപയ്ക്ക് മുകളിലായി . ഇത് ഇന്ത്യയിൽ വെള്ളിയെക്കാൾ വിലയുള്ളതാക്കുന്നു. കശ്മീരിലെ കുങ്കുമപ്പൂക്കളുടെ കൃഷി വളരെ കഠിനമായ പ്രക്രിയയാണ്. കേവലം ഒരു കിലോ കുങ്കുമപ്പൂ ഉത്പാദിപ്പിക്കാൻ 1.5 ലക്ഷത്തിലധികം പൂക്കൾ ആവശ്യമാണ്.