ബെംഗളൂരു: വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ മദ്യലഹരിയിൽ പൊലീസിനോട് കയർത്തും അസഭ്യംപറഞ്ഞും യുവതിയുടെ അഴിഞ്ഞാട്ടം. ബെംഗളൂരു ചർച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങളുണ്ടായത്. ഒടുവിൽ പൊലീസുകാർ തന്നെ ഇടപെട്ട് അനുനയിപ്പിച്ച് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.

നിരവധി പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്ന ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നോ പാർക്കിങ് മേഖലയിൽ യുവതി വാഹനം നിർത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതി വാഹനം നിർത്തിയിരുന്നത് പാർക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പൊലീസുകാരൻ ഇത് ചോദ്യംചെയ്തു.

ഇതോടെ യുവതി പൊലീസുകാരന് നേരേ കയർത്തു. പൊലീസും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് യുവതി പൊലീസുകാരന് നേരേ അസഭ്യവർഷം നടത്തിയത്. പ്രശ്നം വഷളായതോടെ യുവതിയെ അനുനയിപ്പിച്ച് തിരികെ അയക്കാനായി പൊലീസിന്റെയും നാട്ടുകാരുടെയും ശ്രമം. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇതിനായി സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായംതേടി.

എന്നാൽ, ഈ സമയത്തും യുവതി പൊലീസിന് നേരേ കയർക്കുകയായിരുന്നു. ഓട്ടോയിൽ വീട്ടിലെത്തിക്കാൻ സഹായത്തിനെത്തിയ യുവതിയെയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും പിടിച്ചുതള്ളുകയും ചെയ്തു. ഒടുവിൽ പൊലീസുകാരുടെ സഹായത്തോടെ മറ്റൊരുസ്ത്രീക്കൊപ്പം യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തിൽ യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.