പട്‌ന: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 മണ്ഡലങ്ങളിൽ 30 സീറ്റുകളിൽ ബിജെപി മത്സരിക്കും. സഖ്യകക്ഷികൾക്കായി പത്തു മണ്ഡലങ്ങൾ മാത്രം മാറ്റി വച്ചാൽ മതിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.

കേന്ദ്രമന്ത്രി പശുപതി പാരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിക്കും (ആർഎൽജെപി) ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി (റാം വിലാസ്) പാർട്ടിക്കുമായി ആറു സീറ്റുകൾ നൽകും. ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് ജനതാദളിനു മൂന്നു സീറ്റും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒരു സീറ്റുമാകും നീക്കിവയ്ക്കുക.

മഹാസഖ്യത്തിൽ ആർജെഡിയും ജെഡിയുവും 15 സീറ്റുകളിൽ വീതമാകും മത്സരിക്കുകയെന്ന് ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. കോൺഗ്രസിനും ഇടതുകക്ഷികൾക്കുമായി 10 സീറ്റുകൾ നൽകും.