ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 22 ന് നടക്കും. മകരസംക്രാന്തിമുതൽ ജനുവരി 26 വരെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന പൂജാച്ചടങ്ങുകളും ഇതോടനുബന്ധിച്ചുണ്ടാവും. ജനുവരി 14 മുതൽ പ്രതിഷ്ഠ പൂജകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു.

വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി അഞ്ച് ദിവസം അയോധ്യയിൽ തങ്ങുകയും ചെയ്യും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

2020 ഓഗസ്റ്റിൽ പ്രധാനമന്ത്രിയായിരുന്നു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. മൂന്നുനിലകളായി രൂപകല്പനചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്നും ജനുവരിയിൽ വിഗ്രഹപ്രതിഷ്ഠയ്ക്കുശേഷം ദർശനം അനുവദിക്കുമെന്നും ക്ഷേത്രനിർമ്മാണസമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.

ആദ്യ രണ്ടുനിലകളിൽ ഭക്തർക്ക് പ്രവേശനമുണ്ടാവും. മൂന്നുനിലയും തീർത്ത് ക്ഷേത്രത്തിന്റെ നിർമ്മാണം 2024 ഡിസംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി. തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും ചേർത്ത ക്ഷേത്രസമുച്ചയമുൾപ്പെടെ 2025-ൽ പണിതീർക്കും. 2.67 ഏക്കറിലുള്ള രാമക്ഷേത്രം പ്രദക്ഷിണവഴി ഉൾപ്പെടെ 8.64 ഏക്കറുണ്ടാകും. ശ്രീരാമന്റെ കാലികപ്രസക്തിയും അയോധ്യക്കേസിന്റെ രേഖകളും ക്ഷേത്രസമുച്ചയത്തിൽ തുറക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

3000 കോടി രൂപയിലേറെ രൂപ ക്ഷേത്രനിർമ്മാണത്തിനായി സമാഹരിച്ചിട്ടുണ്ടെന്ന് സമിതി വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യക്കാരിൽനിന്ന് വ്യക്തിഗതമായിമാത്രമാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. നാലുകോടിപേർ സംഭാവന നൽകി. 1500 കോടി രൂപ ഇതുവരെ ചെലവഴിച്ചു.