കോഴിക്കോട്: രാഹുൽഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കും.

യോഗങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നത് പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ്. അതിൽ ഒരു അസ്വാഭാവികതയുമില്ല. ഇതിനുവേണ്ടിയാണ് പാർട്ടി ഒരു സ്ട്രാറ്രജിസ്റ്റിനെ നിയമിച്ചത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മനോനില പൂർണമായും മോദി സർക്കാരിനെതിരാണ്. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ എൽഡിഎഫ് സർക്കാർ നൂറു ശതമാനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയാണ് കേരളത്തിൽ ചർച്ചയാവുക. ഇവിടെ സിപിഎമ്മും ബിജെപിയും പതിറ്റാണ്ടുകളായി സഖ്യത്തിലാണെന്നും താരിഖ് അൻവർ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന നേതൃക്യാംപിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരിഖ് അൻവറും എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളും.

2019 തിരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. രാഹുൽ സൃഷ്ടിച്ച തരംഗമാണ് കോൺഗ്രസ്സിന് അത്തവണ അനുകൂലമായി ഭവിച്ചതെന്ന് കരുതുന്ന രാഷ്ട്രീയനിരീക്ഷകർ ഏറെയുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്നായിരിക്കും രാഹുലിന്റെ മത്സരമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. കർണാടകയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നോ കന്യാകുമാരിയിൽ നിന്നോ രാഹുൽ മത്സരിച്ചേക്കുമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. കെസി വേണുഗോപാൽ അടക്കമുള്ളവർക്കും ഈ അഭിപ്രായമുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ട്.

കന്യാകുമാരി കോൺഗ്രസ്സിന് ഉറച്ച മണ്ഡലമാണ്. നിലവിൽ കോൺഗ്രസ്സിന്റെ വിജയ് വാസന്താണ് ഇവിടുത്തെ എംപി. ഭാരത് ജോഡോ യാത്ര തുടങ്ങിയത് ഈ മണ്ഡലത്തിൽ നിന്നായിരുന്നു.