കൊൽക്കത്ത: മണിപ്പുരിൽ രണ്ട് വനിതകൾ ഉൾപ്പെടെ നാലു കുക്കി ഗോത്രവിഭാഗക്കാരെ തട്ടിക്കൊണ്ടു പോയി. മെയ്‌തെയ് വിഭാഗക്കാരായ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞ് എത്തിയ കുക്കി ഗ്രാമസംരക്ഷണ സേനയും മെയ്‌തെയ് സായുധ സംഘങ്ങളും തമ്മിൽ വെടിവയ്പ് നടന്നു. ഒട്ടേറെ പേർക്കു പരുക്കേറ്റു. കുക്കി ഗോത്ര മേഖലയായ കാങ്‌പോക്പിയിലാണ് ഗ്രാമീണർക്കെതിരെ ആക്രമണമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ മാൻഗ്ലുൻ ഹോകിപ്പ് (65) മരിച്ചെന്ന് കരുതി സംഘം ഉപേക്ഷിച്ചു പോയി. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ സിആർപിഎഫ് രക്ഷപ്പെടുത്തി. തീവ്ര മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോൽ ആണ് 4 കുക്കി വിഭാഗക്കാരെ തട്ടിക്കൊണ്ടുപോയതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. ഇവരെ കൊലപ്പെടുത്തിയേക്കാമെന്നും ഉടൻ കേന്ദ്രസേന ഇടപെടണമെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം അഭ്യർത്ഥിച്ചു.