ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ശ്രീരംഗത്ത് രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ഡി.എം.കെയാണ്. 1967 രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ അവർ ഒരു ബോർഡ് സ്ഥാപിച്ചു. ദൈവത്തിൽ വിശ്വസിക്കുന്നവർ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തിൽ വിശ്വസിക്കരുതെന്നുമായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതിനൊപ്പം അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാൽ, ബിജെപി അധികാരത്തിലെത്തിയാൽ ഇത്തരം ബോർഡുകളും കൊടികളും പ്രതിമകളും ഉടൻ നീക്കുമെന്ന് ശ്രീരംഗത്തിന്റെ മണ്ണിൽ നിന്നും പ്രതിജ്ഞ ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.

ദ്രവീഡിയൻ നേതാവും ജാതിവിരുദ്ധ പോരാളിയുമായ പെരിയാറിന്റെ പ്രതിമയാണ് ശ്രീരംഗം ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കുമെന്നാണ് ഇപ്പോൾ അണ്ണാമലൈ പറഞ്ഞിരിക്കുന്നത്.

അതേസമയം, പെരിയാറിന്റെ പ്രതിമകൾ നീക്കി പകരം സന്യാസിമാരായ അൽവാർ, നായനാർ എന്നിവരുടേയും തിരുവള്ളുവരുടേയും പ്രതിമ സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. സനാതന ധർമ്മം സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയേയും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾക്ക് സനാതന ധർമ്മത്തിൽ പറയുന്ന പ്രകാരം ആരാധന നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു.