ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെത്തുടർന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. ദീർഘദൂര സർവീസുകളടക്കം 118 ട്രെയിനുകളാണ് റദ്ദാക്കിയത്. ഡിസംബർ മൂന്നു മുതൽ ആറു വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീര ജില്ലകളിലും വൻ മഴയാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഞായറാഴ്ച ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരിയിൽ നിന്നും 420 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം.

ഡിസംബർ നാലിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനുശേഷം മഴ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ദേശീയ ദുരന്തനിവാരണ സേന തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളിൽ 18 സംഘങ്ങളെ വിന്യസിച്ചു. കൂടാതെ 10 അധിക ടീമുകളെ അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാനും സജ്ജരാക്കിയിട്ടുണ്ട്.