ഉധംപൂർ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചതോടെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.

ഭാവിയിൽ സ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഞങ്ങൾക്ക് വിജയിക്കാനാവില്ലെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാനായുള്ളൂ. ബിജെപിയെ അഭിനന്ദിക്കണം. ഫലം വന്നപ്പോൾ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്.

ഛത്തീസ്‌ഗഢിനെ രക്ഷിക്കാനോ മധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനിൽ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ ബിജെപിയുടെ കാലുറപ്പിനെ കുറിച്ച് സംസാരിച്ച അബ്ദുള്ള പറഞ്ഞു. മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് മത്സരിക്കാൻ കുറച്ച് സീറ്റുകൾ നൽകണമായിരുന്നു. അഖിലേഷ് യാദവിന് 5-7 സീറ്റുകൾ നൽകിയിരുന്നെങ്കിൽ എന്ത് ദോഷമാണ് സംഭവിക്കുക. എന്തുകൊടുങ്കാറ്റ് വീശിയടിക്കും? ഇപ്പോൾ എന്ത് വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.