ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടിയെ (ബി.എസ്‌പി) ഇന്ത്യ സഖ്യത്തിൽ നിന്നും ഒഴിവാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി. ചൊവ്വാഴ്ച നടന്ന യോഗത്തിൽ സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് സംസ്ഥാനത്ത് സഖ്യത്തിന് തയാറാണെന്ന് കോൺഗ്രസിനോട് വ്യക്തമാക്കിയത്. എന്നാൽ ബി.എസ്‌പിയെ സംസ്ഥാനത്തിലെ സഖ്യത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് യോഗത്തിൽ സമാജ്വാദി പാർട്ടി നേതാക്കൾ വ്യക്തമാക്കി.

ബി.എസ്‌പിയുമായി സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന് കോൺഗ്രസിനോട് ചോദിക്കുകയും ചെയ്തു. സമാജ്വാദി പാർട്ടിയുമായും ആർ.എൽ.ഡിയുമായി സഖ്യമുണ്ടാക്കി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മാധ്യമങ്ങളിൽ പലതും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അവ വിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ഖാർഗെയുടെ മറുപടി എന്നാണ് പുറത്തുവന്ന വിവരം. ഇന്ത്യ മുന്നണിയുടെ നാലാമത് യോഗത്തിലാണ് ബിഎസ്‌പിക്ക് എതിരെ എസ് പി രംഗത്ത് വന്നത്.

യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്ന് അഭിപ്രായപ്പെട്ടു. ഇതിന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ പിന്തുണ അറിയിച്ചു. ഡിസംബർ അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനും എംപി മാരുടെ സസ്‌പെൻഷനിൽ ഡിസംബർ 22 ന് ഇന്ത്യ മുന്നണി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും ഇന്ത്യ മുന്നണി തീരുമാനിച്ചു.