മുംബൈ: ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ പരാതി. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്കോപ്പർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

രൺബീറിന്റെ ക്രിസ്മസ് ആഘോഷ വിഡിയോ മതവികാരം വ്രണപ്പെടുത്തുകയും സനാതന ധർമത്തെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടനും കുടുംബാംഗങ്ങൾക്കുമെതിരെ അഭിഭാഷകരായ ആഷിഷ് റായി പങ്കജ് മിശ്ര എന്നിവർ മുഖേന പൊലീസിൽ പരാതി നൽകിയത്.

രൺബീർ കപൂർ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഭാര്യയും നടിയുമായ ആലിയ ഭട്ടിനെയും രൺബീർ കപൂറിനൊപ്പം വിഡിയോയിൽ കാണാം. പരമ്പരാഗത ക്രിസ്മസ് ചടങ്ങിന്റെ ഭാഗമായി രൺബീർ പുഡ്ഡിങ്ങിൽ മദ്യം ഒഴിക്കുകയും തീ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ, 'ജയ് മാതാ ദി' എന്നു പറയുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് സഞ്ജയ് തിവാരി പരാതി നൽകിയത്.

 
 
 
View this post on Instagram

A post shared by Pooja Desai (@poojadesai)

''ഹിന്ദുമതത്തിൽ, മറ്റു ദേവതകളെ ധ്യാനിക്കുന്നതിനു മുൻപ് അഗ്‌നിദേവനെ ധ്യാനിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ, ബോധപൂർവം ലഹരി ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തു'' പരാതിയിൽ പറയുന്നു.

ക്രിസ്മസ് ആഘോഷത്തിനിടെ കേക്കിലേക്ക് വൈൻ ഒഴിച്ചുകൊണ്ട് രൺബീർ ജയ് മാതാ ദി എന്ന് പറഞ്ഞതാണ് പരാതിക്ക് അടിസ്ഥാനം. ഇത്തരം വിഡിയോകൾ പ്രചരിക്കുന്നത് ക്രമസമാധാനം അപകടത്തിലാക്കുമെന്ന് അഭിഭാഷകർ ആരോപിക്കുന്നു. രൺബീറിനെതിരെ, മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യം, അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.