ന്യൂഡൽഹി: ഇന്ത്യാമുന്നണിയിൽ ചേരുന്നതിന് വ്യവസ്ഥ മുന്നോട്ടുവച്ച് ബിഎസ്‌പി. മുന്നണിയിൽ ചേരണമെങ്കിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ബി.എസ്‌പി. എംപി. മലൂക്ക് നഗർ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിർദേശിച്ചത് സംബന്ധിച്ചായിരുന്നു എംപിയുടെ പരാമർശം. തങ്ങളുടെ ചില എംഎൽഎമാരെ തട്ടിയെടുത്തതിന് മായാവതിയോട് കോൺഗ്രസ് മാപ്പ് പറയണമെന്നും മലൂക്ക് നഗർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ദളിത് മുഖം വേണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ മായാവതിയേക്കാൾ മികച്ച മറ്റൊരു സ്ഥാനാർത്ഥിയില്ല. തങ്ങളുടെ വ്യവസ്ഥകൾ കോൺഗ്രസ് അംഗീകരിച്ചാൽ മായാവതി തീർച്ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാജ്വാദി പാർട്ടിയെ ഉൾക്കൊള്ളാത്തതിൽ യാദവ സമുദായം കോൺഗ്രസിനോട് അതൃപ്തരായതിനാലാണ് മധ്യപ്രദേശിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചത്. സമാജ്വാദി പാർട്ടിയുമായി തങ്ങൾക്ക് ഭിന്നതയില്ല. രാഷ്ട്രീയം ഒരു ധാരണയുടെ കളിയാണ്. മലൂക്ക് നഗർ പറഞ്ഞു.