ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റ് പുകയാക്രമണ കേസിൽ അറസ്റ്റിലായ നീലം ആസാദ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജഡ്ജിമാരായ സുരേഷ് കുമാർ കൈത്ത്, മനോജ് ജയ്ൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. വിചാരണ കോടതിയിൽ നീലം ജാമ്യാപേക്ഷ നൽകിയിട്ടുണ്ടല്ലോ എന്നു കോടതി ചൂണ്ടിക്കാട്ടി.

വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള ഡിസംബർ 21ലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞയാഴ്ചയാണ് നീലം ഹൈക്കോടതിയിൽ ഹർജി നൽകിയത്. എത്രയും പെട്ടെന്ന് പൊലീസ് കസ്റ്റഡിയിൽനിന്നു വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹർജിയാണു നൽകിയത്.

പൊലീസ് അറസ്റ്റ് ചെയ്ത് 29 മണിക്കൂറുകൾക്കുശേഷമാണ് കഴിഞ്ഞ ഡിസംബർ 14ന് കോടതിയിൽ ഹാജരാക്കിയത്. താൻ ആവശ്യപ്പെട്ട അഭിഭാഷകരെ പൊലീസ് അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

പാർലമെന്റിനുള്ളിൽ കടന്നുകയറിയും പുറത്തും നടത്തിയ പ്രതിഷേധത്തിനൊടുവിൽ ഡിസംബർ 13നാണ് നീലം ആസാദ്, ഡി. മനോരഞ്ജൻ, സാഗർ ശർമ, അമോൽ ഷിൻഡെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സാഗർ ശർമയും മനോരഞ്ജനും ലോക്‌സഭയുടെ സന്ദർശക ഗാലറിയിൽ നിന്നു താഴേക്കു ചാടി പ്രതിഷേധിച്ചപ്പോൾ നീലവും അമോലും പാർലമെന്റിനു പുറത്തു മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് നീലം ആസാദിന്റെ അഭിഭാഷകനു കൈമാറണമെന്ന വിചാരണക്കോടതി വിധി ഡിസംബർ 22ന് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.