ചണ്ഡിഗഡ്: ആംബുലൻസ് റോഡിലെ കുഴിയിൽ വീണപ്പോഴുണ്ടായ ഉലച്ചിലിൽ മൃതദേഹത്തിന് ജീവൻ വെച്ചു. ഹരിയാനയിൽനിന്നുള്ള എൺപതുകാരനാണ് റോഡിലെ കുഴി മരണത്തിൽനിന്നുള്ള പുനർജനിയായി മാറിയത്. നാല് ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നില നിർത്തുകയും ഒടുവിൽ മരണം സംഭവിച്ചതോടെ സംസ്‌ക്കാര ചടങ്ങുകൾക്കായി വീട്ടിലേക്കു കൊണ്ടു പോരുകയും ചെയ്ത വൃദ്ധനാണ് വഴി മധ്യേ ജീവൻ വെച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ദർശൻ സിങ് ബ്രാര്. നാല് ദിവസത്തോളം വെന്റിലേറ്ററിൽ കിടന്നു. മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനെ തുടർന്ന് 'മൃതദേഹം' ബന്ധുക്കൾ ആംബുലൻസിൽ പട്യാലയിൽനിന്ന് കർണാലിലേക്കു കൊണ്ടുപോകുകയായിരുന്നു. അദ്ദേഹം മരിച്ചുവെന്ന വിവരം 100 കി.മീ അകലെയുള്ള നാട്ടിലേക്ക് വിളിച്ചറിയിച്ചു. തുടർന്ന് ബ്രാറിന്റെ വീട്ടിൽ സംസ്‌കാരച്ചടങ്ങുകൾക്കായി ചിത ഉൾപ്പെടെ സജ്ജമാക്കി.

'മൃതദേഹം' വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ദന്ത് ജില്ലയിൽ വച്ച് ആംബുലൻസ് റോഡിലെ ഒരു വലിയ ഗട്ടറിൽ വീണതോടെ ബ്രാർ ചെറുതായി കൈ അനക്കിയതായി ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ചെറുമകൻ കണ്ടു. പരിശോധിച്ചപ്പോൾ ചെറുതായി ഹൃദയമിടിപ്പ് കണ്ടതോടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ആംബുലൻസ് എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

ആശുപത്രിയിൽ ബ്രാറിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തിന് ജീവനുണ്ടെന്ന് വിധിയെഴുതി. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ബ്രാർ. അദ്ദേഹം എത്രയും പെട്ടെന്ന് പൂർണാരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.