ഹൈദരാബാദ്: മഹാസഖ്യവുമായി ബന്ധം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും എൻഡിഎ പാളയത്തിൽ എത്തിയതിനു പിന്നാലെ ഉപമുഖ്യമന്ത്രിയായിരുന്ന ആർജെഡി നേതാവ് തേജ്വസി യാദവിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. എന്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തേജസ്വി യാദവിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഉവൈസി പറഞ്ഞത്.

മുൻപ് ഉവൈസിക്കൊപ്പമുണ്ടായിരുന്ന നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ മുന്നണിമാറ്റം ചൂണ്ടിക്കാട്ടി ഉവൈസിയുടെ പരിഹാസം.

''എന്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തേജസ്വി യാദവിനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞങ്ങളുടെ നാല് എംഎൽഎമാരെയാണു തേജ്വസി യാദവ് കവർന്നത്. അതേ വേദന ഇപ്പോൾ തോന്നുന്നുണ്ടോ?'' വാർത്താ ഏജൻസി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഉവൈസി ചോദിച്ചു.

''ബിഹാറിലെ മുസ്‌ലിംകൾ വീണ്ടും വഞ്ചിക്കപ്പെട്ടു. ബിഹാറിലെ ജനങ്ങളും വഞ്ചിക്കപ്പെട്ടു. ബിഹാറിൽ ഒരു വികസനവുമില്ല. ഉദ്യോഗസ്ഥ ഭരണം വർധിക്കുകയാണ്'' ഉവൈസി ആരോപിച്ചു.

''ബിഹാറിൽ പേരിൽ മാത്രമായിരിക്കും നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനത്തുണ്ടാവുക. ആർഎസ്എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഗ്രഹപ്രകാരമായിരിക്കും ഭരണം നടക്കുക. ബിജെപിക്കൊപ്പം നിതീഷ് കുമാർ പോകുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹം വിശ്വസിക്കാൻ കൊള്ളാത്ത ആളാണ്.''ഉവൈസി പറഞ്ഞു.

2022 ജൂണിലാണ് എഐഎംഐഎം പാർട്ടിയുടെ നാല് എംഎൽഎമാർ ആർജെഡിയുടെ ഭാഗമായത്. 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ ഉവൈസിയുടെ പാർട്ടി വിജയിച്ചിരുന്നു. എന്നാൽ 2022 ൽ നാല് എംഎൽഎമാർ മറുകണ്ടം ചാടി. ഇതോടെ ബിഹാറിൽ എഐഎംഐഎം പാർട്ടിക്ക് ഒറ്റ എംഎൽഎ മാത്രമാവുകയും ആർജെഡി 79 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു.