പൂണെ: രാമായണത്തെ അധിക്ഷേപിച്ച് നാടകം അവതരിപ്പിച്ചെന്ന പരാതിയിൽ ആറ് പേർ അറസ്റ്റിൽ. സാവിത്രിഭായ് ഫുലെ പൂണെ സർവകലാശാല അവതരിപ്പിച്ച നാടകത്തിനെതിരെയാണ് പരാതി. സർവകലാശാല വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല പ്രൊഫസർ അടക്കം ആറു പേർ അറസ്റ്റിലായി.

ലളിത കലാ കേന്ദ്ര ഡിപ്പാർട്മെന്റ് മേധാവി ഡോ. പ്രവീൺ ഭോലെ, വിദ്യാർത്ഥികളായ ഭവേഷ് പാട്ടിൽ, ജയ് പട്നേക്കർ, പ്രഥമേഷ് സാവന്ത്, റിഷികേഷ് ഡാൽവി, യാഷ് ഛിക്ലെ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷാ നിയമത്തിലെ 295 (എ) വകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് സീത അരങ്ങിലെത്തിയത്. രാമൻ അതിനെ സഹായിക്കുന്ന കഥാപാത്രമായി വേഷമിട്ടു. ഇരിപ്പിടത്തിലിരുന്ന് കാൽ കയറ്റി വച്ചാണ് സീത പുക വലിക്കുന്നത്. നാടകം നടക്കുമ്പോൾ തന്നെ ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനകൾ സ്റ്റേജിലേക്ക് ഇരച്ചു കയറി പ്രദർശനം തടസ്സപ്പെടുത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ ലളിത കലാ കേന്ദ്രത്തിനെതിരെ യുവമോർച്ചയുടെ അക്രമമുണ്ടായി. ജയ് ശ്രീറാം വിളിച്ചെത്തിയ അക്രമികൾ ഫർണിച്ചറുകളും സാധനങ്ങളും അടിച്ചു തകർക്കുകയും കരിയോയിൽ ഒഴിക്കുകകയും ചെയ്തു.