ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഉത്തർ പ്രദേശിലെ മൂന്നാംഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. അഞ്ചുപേരുടെ പട്ടികയാണ് പുറത്തിറക്കിയത്. മുതിർന്ന നേതാവും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അമ്മാവനുമായ ശിവ്പാൽ യാദവ് ബുദൗൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗറിൽ നിന്നുള്ള എംഎ‍ൽഎയാണ്. ശിവ്പാൽ യാദവ്.

സുരേന്ദ്ര സിങ് പട്ടേൽ വാരണാസിയിൽ നിന്നും ഇഖ്‌റ ഹസൻ കൈരാനയിൽ നിന്നും മൽസരിക്കും. പ്രവീൺ സിങ് ആരോൺ ബറേലിയിലും അജേന്ദ്ര സിങ് രാജ്പുത് ഹമീർപൂരിയിലും ജനവിധിതേടും. ഇതുവരെ 31 സ്ഥാനാർത്ഥികളെയാണ് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എസ്‌പി കോൺഗ്രസിന് 17 സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം, സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് എസ്‌പി അറിയിച്ചതായാണ് വിവരം. 17 സീറ്റുകൾ നൽകാമെന്ന് അറിയിച്ചുവെന്നും ഇനി ഇതിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്നുമാണ് എസ്‌പി നിലപാട്. എന്നാൽ, ഓഫറിനോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.