പട്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒഴിവുവരുന്ന പതിനൊന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 21നു നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് റാബ്‌റി ദേവി, ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ തുടങ്ങിയ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.

ഒഴിവു വരുന്ന 11 സീറ്റുകളിൽ ജെഡിയു നാല്, ബിജെപി മൂന്ന്, ആർജെഡി രണ്ട്, കോൺഗ്രസ് ഒന്ന്, ഹിന്ദുസ്ഥാനി അവാം മോർച്ച് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജനതാദൾ (യു) നേതാവ് നരേന്ദ്ര നാരായൺ യാദവിനെ ബിഹാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു.

മുന്മന്ത്രിയാണ് നരേന്ദ്ര നാരായൺ യാദവ്. ജെഡിയു പ്രതിനിധി മഹേശ്വർ ഹസാരി ഡപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പു നടന്നത്. മഹേശ്വർ ഹസാരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയോ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കുകയോ ചെയ്യുമെന്നാണ് സൂചന.